കോട്ടയം: കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസത്തോളം. കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് ആനത്താനം താമരശ്ശേരി സ്വദേശിനിയും സർവ്വേ ഡിപ്പാർട്ട്മെന്റ് റിട്ട. ഉദ്യോഗസ്ഥയുമായ ഭാനുമതി (70) ആണ് മരിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭാനുമതിയുടെ വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിക്കുകയും ഈച്ചകൾ ശല്യം ചെയ്യുകയും ചെയ്തിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഭാനുമതിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മകൻ പ്രവീൺ (40) ഈ ദിവസങ്ങളിലത്രയും അമ്മയ്ക്ക് കാവലായി വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പ്രവീണിനോട് അമ്മയെക്കുറിച്ച് തിരക്കിയപ്പോഴെല്ലാം അമ്മയ്ക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന മറുപടിയാണ് അയൽവാസികൾക്ക് ലഭിച്ചിരുന്നത്. അമ്മ മരിച്ച വിവരം മകൻ തിരിച്ചറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഭാനുമതിയുടെ ഭർത്താവ് മരിച്ചിരുന്നു. തുടർന്ന് അമ്മയും മകനും മാത്രമായിരുന്നു ആ വീട്ടിൽ താമസം. ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടായിരുന്നു ഇരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അയൽവാസികളോടോ ബന്ധുക്കളോടോ ഇവർ അധികം സഹകരിച്ചിരുന്നില്ല. ഈ ഒറ്റപ്പെടലാണ് മരണം പുറംലോകമറിയാൻ വൈകാൻ കാരണമായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീട്ടിൽ നിന്നും മാറാൻ തയ്യാറാകാതിരുന്ന പ്രവീണിനെ നിർബന്ധപൂർവ്വം മാറ്റിയ ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. അമ്മയുടെ അസുഖം പ്രവീണിനെ മാനസികമായി ഏറെ തളർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
