കോതമംഗലത്ത് വിദ്യാർത്ഥികളുടെ മുങ്ങി മരണം: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലും ബിയോണും.


കോട്ടയം: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് (22), ചങ്ങനാശ്ശേരി ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോണ്‍ ബിജു (22),  തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മുങ്ങി മരിച്ചത്.

 

 മൂവരും കോതമംഗലം ബസേലിയോസ് ഡന്റല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു. കോതമംഗലം വടാട്ടുപാറയില്‍ പലവന്‍പടി പുഴയില്‍ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. 9 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവർ ഒഴുക്കിൽപ്പെട്ടതു കണ്ടു സഹപാഠികൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിച്ചലിലാണ് മൂവരെയും കണ്ടെത്തിയത്. വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവരുടെയും മരണത്തിൽ സങ്കടമടക്കാനാകാതെ വിതുമ്പുകയാണ് സഹപാഠികൾ. വാടക വീട്ടിൽ നിന്നും സ്വന്തം വീടെന്ന സ്വപ്നം സഫലമാക്കാൻ സാധിക്കാതെയാണ് അതുൽ യാത്രയാകുന്നത്. അനിയന്മാരെ പഠിപ്പിക്കണം, അമ്മയെ നന്നായി നോക്കണം എന്നിങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം ബാക്കിയാക്കിയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലിന്റെ ഈ വിയോഗം. വീട് നിർമ്മിക്കുന്നതിനായി ഇവർ സ്ഥലം വാങ്ങിയിരുന്നു. സഹോദരങ്ങളായ അബിൻ പോളിടെക്നികിനും, അജയ് ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. വീട്ടുജോലികൾ ചെയ്താണ് അമ്മ ശാലിനി മൂവരെയും വളർത്തിയിരുന്നത്. ബിയോണിന്റെ മാതാപിതാക്കളും സഹോദരങ്ങളും യു കെ യിലാണ്. പഠനത്തിനായി ബിയോൺ വല്യമ്മയ്‌ക്കൊപ്പം നാട്ടിലായിരുന്നു. അവധി ദിവസങ്ങളിലും ആഴ്ച അവസാനങ്ങളിലും ബിയോൺ എപ്പോഴും വല്യമ്മ റോസമ്മയ്ക്ക് അരികിൽ എത്തിയിരുന്നു. ഡിയോണയും ഫിയോണയും ആണ് സഹോദരങ്ങൾ. നാല് മാസം മുൻപാണ് മാതാപിതാക്കളും സഹോദരങ്ങളും നാട്ടിലെത്തി മടങ്ങിയത്.

Next
This is the most recent post.
Previous
Older Post