കടുത്തുരുത്തി: സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യാശ്രമം നടത്തി കുടുംബം. മാന്നാർ മണലേൽ ബാബു തോമസാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഭാര്യ അനിലയ്ക്കും നാല് മക്കൾക്കുമൊപ്പം മാന്നാറിലുള്ള കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിൽ എത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

2023 ൽ ബാബു ഭാര്യയുടെ പേരിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തിരികെ ലഭിച്ചിരുന്നു. മക്കളുടെ പഠനത്തിനായി ബാക്കി തുക കൂടി പിൻവലിക്കാൻ എത്തിയ ഇവരെ പലപ്പോഴായി പലകാരണങ്ങൾ പറഞ്ഞു മടക്കി അയക്കുകയായിരുന്നു. വ്യാഴാഴ്ച പണം പിൻവലിക്കാൻ എത്തിയ പണം ലഭിച്ചില്ല. തുടർന്ന് പണം ലഭിക്കാതെ പോകില്ല എന്ന് അറിയിച്ച ശേഷം ഇവർ ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ബാങ്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബാബുവും കുടുംബവും കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൂടെ ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തു എത്തിയിരുന്നു. പോലീസ് ഇടപെട്ടു തീ കത്തിക്കുന്നത് ഒഴിവാക്കുകയും അഗ്നിരക്ഷാ സേന ദേഹത്ത് വെള്ളമൊഴിക്കുകയും ചെയ്തു. പോലീസ് ഇദ്ദേഹത്തെ ബലംപ്രയോഗിച്ചു മാറ്റുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാബുവിനെ ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുക പലപ്പോഴായി നൽകാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഉറപ്പ് ലംഘിച്ചതായും സ്‌കൂൾ തുറക്കുമ്പോൾ മക്കൾക്കുള്ള സ്‌കൂൾ ബാഗും ബുക്കും പുസ്തകങ്ങളും വാങ്ങാൻ പോലും പണമില്ലെന്നും ബാബു പറഞ്ഞു. അതേസമയം കഴിഞ്ഞ 5 വർഷമായി ബാങ്ക് പ്രതിസന്ധിയിലാണെന്നും നിക്ഷേപകരുടെ പണം പലപ്പോഴായി മടക്കി നൽകുകയാണെന്നും ബാങ്ക് പ്രസിഡന്റ് ഫിറോഷ് പറഞ്ഞു.
