പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡ്: സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.


കോട്ടയം: എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 

 ബിജെപിയും കോൺഗ്രസ്സും കൂടി നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് ആസൂത്രിതമായി ഇന്ന് നടന്ന റെയ്ഡ് എന്ന് വി എൻ വാസവൻ പറഞ്ഞു. ഒരു കേസുമായും ബന്ധപ്പെട്ടു ഇത്തരത്തിൽ ഒരു റെയ്ഡ് നടത്തേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല എന്നും രണ്ടു വിജിലൻസ് കോടതികളും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ കേസാണ് എന്നും വി എൻ വാസവൻ പറഞ്ഞു. ഗവണ്മെന്റ് രാജി വെച്ച് മറ്റൊരു ഗവണ്മെന്റ് അധികാരത്തിലേറിയതിന്റെ ചുരുങ്ങിയ ദിനത്തിൽ ഇത്തരമൊരു റെയ്ഡ് ഗൂഢാലോചനയുടെയും പകപോക്കൽ രാഷ്ട്രീയത്തിന്റെയും തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാണുന്നത് പകപോക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ തകർക്കുക എന്നതാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ ആത്യന്തിക ലക്ഷ്യമെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടപ്പില്ലെന്നും അത്തരം ഭീഷണികൾക്ക് വഴങ്ങുന്നവരല്ല ഇടത്പക്ഷ മുന്നണിയിലുള്ളവർ എന്നും വി എൻ വാസവൻ പറഞ്ഞു.