കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ആരംഭിച്ചു ആദ്യ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കോട്ടയത്ത് വോട്ടിങ് ശതമാനം 22.30 ശതമാനം. വോട്ടിങ് ആരംഭിച്ച 7 മണിക്ക് പോളിങ് ബൂത്തിന് മുൻപിൽ വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നെങ്കിലും പത്തു മണിയോടെ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് വരുന്ന രീതിയാണുണ്ടായത്.

വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണനും പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥി പി സി ജോർജ്ജും എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും വോട്ട് രേഖപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പാമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനും കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫും പാലായിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയും ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിളും വോട്ട് രേഖപ്പെടുത്തി.

ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ്, എൻഡിഎ സ്ഥാനാർഥി ആതിര ഡി നായർ, കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി, എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ എന്നിവരും വോട്ട് രേഖപ്പെടുത്തി.
