മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്


തിരുവനന്തപുരം:  കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

 വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല എന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കനത്ത ചൂടിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്ന സമയത്ത് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാൻ പാടില്ലെന്നും ഇത് കുട്ടികളുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് എന്നും മന്ത്രി പറഞ്ഞു.

 

 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ  പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല എന്നും മന്ത്രി പറഞ്ഞു. യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.