മണിമല: അപകടങ്ങളൊഴിയാതെ ഒരു ദിനം പോലുമില്ല പുനലൂർ-മൂവാറ്റുപുഴ പാതയിൽ പ്ലാച്ചേരി-പൊൻകുന്നം മേഖലയിൽ. പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ അപകടപ്പെരുമഴ ആരംഭിച്ച പാതയാണ് ഇത്. ചെറുതും വലുതുമായ ഒരു അപകടം പോലും സംഭവിക്കാത്ത ദിവസമില്ല ഈ പാതയിൽ. ഞെട്ടലോടെയാണ് നാട് ഓരോ അപകട വാർത്തയും കേൾക്കുന്നത്.

പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഭാഗമായ പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള മേഖലയിൽ ഇതിനോടകമുണ്ടായ പല അപകടങ്ങളിലായി പൊലിഞ്ഞത് പത്തിലധികം ജീവനുകളാണ്. കഴിഞ്ഞ ദിവസവും ഈ പാതയിൽ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവലയിൽ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു. കാൽനടയാത്രികനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെക്കേത്തുകവല മംഗലത്ത് പ്രകാശ് ആണ് മരണപ്പെട്ടത്. അന്ന് തന്നെ വൈകിട്ട് ഇതേ സ്ഥലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചും അപകടം ഉണ്ടായിരുന്നു.

അപകടകരമായ കൊടും വളവുകളും വാഹനങ്ങളുടെ അമിത വേഗവും ചെറുറോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് പ്രധാനമായും ഈ പാതകളിലെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നത്. പ്ലാച്ചേരി-പൊൻകുന്നം റോഡിൽ ഇതിനോടകം പത്തിലധികം ജീവനുകളാണ് പൊലിഞ്ഞത്. അപകടം പാതയിൽ പതിവായത്തോടെ ഹൈവേ പോലീസ് പെട്രോളിംഗ് ആരംഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഉന്നത നിലവാരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ അപകട പരമ്പര തന്നെയാണ് ഈ പാതയിൽ നടക്കുന്നത്. കാൽനട യാത്രയ്ക്കാരും വാഹനങ്ങളുടെ അമിത വേഗതയിൽ ഭീതിയോടെയാണ് നടക്കുന്നത്. അമിതവേഗതയിൽ എത്തുന്ന വാഹനങ്ങളിടിച്ച് കാൽനടയാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. 2023 ലാണ് മണിമല-കരിക്കാട്ടൂർ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ സഹോദരങ്ങളായ രണ്ടു യുവാക്കളുടെ ജീവനാണ് നഷ്ടമായത്. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.
മണിമലയിൽ നിന്നും കരിക്കാട്ടൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലയിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ കാറിടിച്ച് 2 പേർ മരിച്ചിരുന്നു. 2021 ലായിരുന്നു അപകടം. മണിമല ബിഎസ്എൻഎൽ ഓഫീസിനു സമീപം ഉണ്ടായ അപകടത്തിൽ ചാമംപതാൽ ഇളങ്കോയി സ്വദേശിനി തടത്തിലാങ്കൽ രേഷ്മ ജോർജ്(30), ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ സജി(18) എന്നിവരാണ് മരിച്ചത്.
പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികളും ഒപ്പം പ്രതിഷേധ സംഘടനകളും രംഗത്തുണ്ട്. പൊന്തൻപുഴയ്ക്ക് സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തിലാണ് പാതയിലെ ആദ്യ മരണം ഉണ്ടായത്. ശ്രദ്ധ അല്പമൊന്നു പാളിയാൽ അപകടക്കെണിയാണ് പ്ലാച്ചേരി-പൊൻകുന്നം റോഡിൽ. 12 ലധികം അപകടവളവുകളാണ് പാതയിലുള്ളത്. കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ ഓട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മുക്കട ചെന്നാമറ്റം കൃതിക അജേഷ് (3) ആണ് 2023 ൽ മണിമല കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. മണിമല കരിക്കാട്ടൂർ കരിമ്പനക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നേഴ്സിന് മരണം സംഭവിച്ചിരിന്നു. മണിമല കരിമ്പനക്കുളം സ്വദേശിനി ചിത്തിര (29) ആണ് അപകടത്തിൽ മരിച്ചത്. പ്ലാച്ചേരിയിൽ മിനി വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു അപകടം ഉണ്ടായത്. വാകത്താനം മാമൂട്ടിൽ എബ്രഹാം വർഗീസ് (സജി-55), കടുകുംതുരുത്തേൽ മാത്യു ജേക്കബ് (ജോമോൻ-45) എന്നിവരാണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ പ്ലാച്ചേരി-മണിമല റോഡിൽ ആഞ്ഞിലിമൂടിന് സമീപം കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക് പറ്റിയിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയിൽ സംഭവിക്കുന്നത്. സ്ഥിരം അപകട പാതയായതോടെ ഭീതിയിലാണ് നാട്ടുകാരും വ്യാപാരികളും. ഇനിയുമൊരു ജീവൻ പൊലിയുന്നതിനു മുൻപ് പാതയിൽ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും ശക്തമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.


