അപ്രഖ്യാപിത'ലോഡ്ഷെഡിങ്ങിൽ' വലഞ്ഞു ജനം, രാത്രിയെന്നോ പകലെന്നോയില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു, ജില്ലയിൽ ഇരുട്ടടിയായി 'പവർ കട്ട്', വിയർത്തൊഴുകി ജനം


കോട്ടയം: കോട്ടയം ജില്ലയിൽ കെ എസ് ഇ ബി യുടെ അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു. കൊടും ചൂടിൽ വെന്തുരുകിയിരിക്കുന്ന കോട്ടയംകാർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഈ 'പവർ കട്ട്'. പകലും രാത്രിയും പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി മുടക്കം പതിവാകുന്നുണ്ട്.

 

 ഇത് പകലും രാത്രിയും ഒരു തവണ മാത്രമല്ല, മറിച്ച് പലതവണയാണ് വൈദ്യുതി മുടങ്ങുന്നത്. രാത്രിയിലെ വൈദ്യുതി മുടക്കമാണ് ഇപ്പോൾ ജനങ്ങളിൽ പ്രതിഷേധമുയർത്തുന്നത്. രാത്രിയിലും ആവി പകൽ ചൂടിനെപ്പോലെ തന്നെയായതിനാൽ ഫാനില്ലാതെ ഉറങ്ങാനാവില്ലെന്ന അവസ്ഥയിലാണ്. എന്നാൽ ഫാനിട്ടാലും കിട്ടുന്നത് ചൂട് കാറ്റുമാണ്. പകൽ ജോലിയുടെ ക്ഷീണം കാരണം രാത്രി ആവിയെ വകവെയ്ക്കാതെ ഉറങ്ങാൻ കിടക്കുമ്പോഴാണ് ഈ വൈദ്യുതി മുടക്കം. ഇതോടെ ഉറക്കവും പോകും. രാത്രിയിലെ വൈദ്യുതി മുടക്കം ക്രൂരതയാണെന്നും ജനങ്ങൾ പറയുന്നു. ജില്ലയിൽ നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ തർക്കങ്ങളും പതിവായിരിക്കുകയാണ്. ചൂട് കൂടിയ സമയത്ത് ഇപ്പോൾ പാമ്പിന്റെ ശല്യവും ഉള്ളതിനാൽ രാത്രിയിലെ പവർ കട്ട് ബുദ്ധിമുട്ടും ഭയവും ഉണ്ടാകുന്നതായും ജനങ്ങൾ പറയുന്നു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി ഉപഭോഗം കൂടുതലായതിനാല്‍ ലോഡ് കൂടുമ്പോള്‍ ഡ്രിപ്പ് ആവുകയാണെന്ന് മന്ത്രി വിശദീകരിച്ചു. ഒരു അറിയിപ്പുമില്ലാതെ രാത്രിയിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിഷേധത്തിലാണ് ജില്ലയിലെ ജനങ്ങൾ. മുൻപ് മഴയും കാറ്റും മൂലമാണ് വൈദ്യുതി മുടങ്ങിയിരുന്നത്. ഇപ്പോൾ ഓവർ ലോഡ് മൂലമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന മറുപടി. എന്തായാലും രാത്രിയിലെ 'പവർ കട്ട്' ജനത്തിനു ഇരുട്ടടിയായിരിക്കുകയാണ്.