പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു.


കോട്ടയം: പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ(20) ആണ് മരിച്ചത്.

 

 ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹപാഠികൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അജ്മൽ, അജ്സൽ എന്നിവർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് എമിലിന്റെ മരണം സംഭവിച്ചത്. ഇന്ദിരാഗാന്ധി കോളേജ് ഓഫ് നഴ്സിംഗിലെ ബിഎസ്സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളായിരുന്നു മൂവരും. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അജ്മൽ (21), നിലമ്പൂർ ചുങ്കത്തറ സ്വദേശി അജ്സൽ (22) എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെറുകുന്നം ഹൈലെവൽ കനാലിൽ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ഹർത്താൽ പ്രമാണിച്ച് കോളജിന് അവധിയായതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന നാല് സുഹൃത്തുക്കൾ ചേർന്ന് കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അജ്മൽ ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാനായി അജ്സലും എമിലും പിന്നാലെ ചാടുകയായിരുന്നു. എന്നാൽ മൂവരും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.