കോട്ടയം: കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ജോമോൾക്ക് പൊള്ളലേറ്റത്. ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിക്കുന്നതിനിടെ ജോമോളുടെ വസ്ത്രത്തിനു തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ ഉടനെ തന്നെ ബന്ധുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇവാനിയ അന്ന ആണ് മകൾ. സംസ്കാരം വെള്ളിയഴ്ച വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
