കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉടനെ തന്നെ കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിതരക്തസ്രാവമുണ്ടായ നിലയിൽ യുവതിയെ സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവർക്ക് 4 മക്കളാണുള്ളത്. പ്രസവ സമയം അടുത്തുണ്ടായിരുന്ന രണ്ടു വയസുള്ള കുഞ്ഞിന്റെ ദേഹത്തു രക്തം കണ്ടപ്പോഴാണ് മാതാപിതാക്കൾ യുവതി പ്രസവിച്ചതായി അറിയുന്നത്. ഉടനെ തന്നെ സമീപവാസികളെയും ആശാ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ആംബുലൻസ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഗർഭിണിയായ സമയത്ത് വീട്ടിലെത്തിയ ആശാപ്രവർത്തകരോട് യുവതി സഹകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. യുവതിയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ചികിത്സയിൽ തുടരുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. ഭർത്താവ് അനീഷ് സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്.

