മണർകാട്: അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട്. മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക. കൂറ്റൻ എൽഇഡി സ്‌ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് മത്സരം നടക്കുന്ന ഗ്രൗണ്ടിലിരുന്നു മത്സരം വീക്ഷിക്കുന്ന അതേ അനുഭവം കാണികൾക്ക് ഇവിടെ ലഭ്യമാകുമെന്നതിൽ സംശയമില്ല. ജില്ലയിലെ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലും ഒപ്പം ആഘോഷത്തിമിർപ്പിലുമാണ്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ ക്രിക്കറ്റ് കാർണിവൽ സംഘടിപ്പിക്കുന്നത്. പൂർണ്ണ സുരക്ഷയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു. ശനിയും ഞായറും ഉച്ചക്ക് രണ്ടര മുതൽ രാത്രി 10 മണി വരെയാണ്. പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് മത്‌സരം കാണുന്നതിനൊപ്പം വൈവിധ്യമാർന്ന ഭക്ഷണങ്ങൾ രുചിക്കാൻ ഭക്ഷണശാലകളും സംഗീത വിരുന്നും കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് ആദ്യ മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെയും, രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസുമായും, രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായും ഏറ്റുമുട്ടും.

