ശബരിമല: ശബരിമലയിൽ അതീവ സുരക്ഷ മേഖലയിൽ ക്ഷേത്രത്തിനു മുകളിലൂടെ പറന്ന് ഹെലികോപ്ടർ. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നത് സംബന്ധിച്ച് പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല.

അതീവ സുരക്ഷ മേഖലയിൽ ഹെലികോപ്റ്റർ പറത്തുന്നതിന് മുൻപ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുമതി വാങ്ങണമെന്നാണ് നിയമം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി. എന്നാൽ അന്തരീക്ഷം മേഘാവൃതമായതിനാലാണ് ഹെലിക്കോപ്റ്റർ ദിശമാറി സഞ്ചരിച്ചതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായി ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നതല്ലെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. അതേസമയം കോസ്റ്റ്ഗാർഡ് ഈ ഭാഗത്ത് നിരീസ്കഹനം നടത്തേണ്ട ആവശ്യമില്ലെന്നും എന്ത് കാരണത്താലാണ് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ ഇതുവഴിയെത്തിയതെന്നും അന്വേഷിക്കും. റഡാർ സംവിധാനത്തിൽ അല്ല ഹെലികോപ്റ്റർ സഞ്ചരിച്ചത്. പൂർണമായി ഗ്ലാസ് കൊണ്ട് മറച്ച ഹെലികോപ്റ്റർ മുമ്പിലുള്ള കാഴ്ചകൾ കണ്ട് മാത്രമാണ് സഞ്ചരിക്കുന്നത്. മേഘങ്ങൾ കൂടിയപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിക്കുന്നു. നാലോളം പേരാണ് ഹെലികോപ്പറിൽ ഉണ്ടായിരുന്നതെന്നാണ് ചിത്രത്തിൽ വ്യക്തമാകുന്നത്. സന്നിധാനത്തിനു മുൻപ് വരെ ഉയർന്നു പറന്ന ഹെലികോപ്റ്റർ സന്നിധാനം അടുത്തെത്തിയപ്പോൾ താഴ്ന്നു പറന്നതായും ഹെലികോപ്റ്ററിലുള്ളവർ സന്നിധാനത്തിന്റെ ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ടെന്നും പമ്പ പോലീസ് പറയുന്നു. ഹെലികോപ്റ്റർ ശബരിമല വഴി പറക്കുന്നതായി അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും താഴ്ന്നു പറന്നത് ഉദ്യോഗസ്ഥരിലടക്കം ആശങ്കയ്ക്കിടയാക്കി എന്നും പോലീസ് പറഞ്ഞു. സി.ജി. 821 എന്ന ഹെലികോപ്റ്റർ പതിവായുള്ള പരിശീലന പറക്കലിൽ ആയിരുന്നുവെന്നും സാധാരണ കൊച്ചിയിൽനിന്ന് തെക്ക് ദിശയിൽ 60–80 മൈൽ പരിശീലന പറക്കൽ നടത്താറുണ്ടെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ പറഞ്ഞു. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഹെലിക്കോപ്റ്റർ പറക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
