കോട്ടയം: കനത്ത ചൂടിൽ വെന്തുരുകി കോട്ടയം. ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ്. ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ്‍നങ്ങളും നിരവധിയാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളുടെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ഉയരുന്നതിനോടൊപ്പം ജില്ലയിലെ ജില്ലയിൽ അൾട്രാവയലറ്റ് സൂചികയും ഉയർന്നു തന്നെ നിൽക്കുകയാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക 8 ആണ്.

യു വി ഇൻഡക്സ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളുടെ ഭാഗമായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.png)