കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ)യിൽ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ നിർവാഹകസമിതി അംഗവും എൻഡിഎ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ പി സി ജോർജ്. പിതാക്കന്മാർ ഊളത്തരം പറയുന്നു, ക്രിസ്ത്യാനി ഇങ്ങനെ കിടന്നു ചാടണ്ട, ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട് ആണെന്നും പി സി ജോർജ് പറഞ്ഞു. കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവർ ഇതിനപ്പുറത്തെ വർത്തമാനം പറയും. ഞാൻ ഇതു പരിഗണിക്കുന്നില്ല; ക്രിസ്ത്യാനികളും പരിഗണിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല എന്നും പി സി ജോർജ് പറഞ്ഞു. കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്കു സ്ഥിരതയില്ല. നിയമഭേദഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ല എന്നും പി സി ജോർജ് പറഞ്ഞു. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചപ്പോൾപോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും പി സി ജോർജ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ കടുത്ത ആശങ്കയിലാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്സിആർഎ ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭാനേതൃത്വം രംഗത്തെത്തിയിരുന്നു.
