കോട്ടയം: കേരളത്തിലെ ഏറ്റവും വീതി കൂടിയ വേമ്പനാട്ട് കായൽ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി കോട്ടയം സ്വദേശിനിയായ 3 വയസുകാരി മിടുമിടുക്കി എസ്തേർ നീന്തിക്കയറിയത് റെക്കോർഡുകളുടെ ചരിത്രത്തിലേക്ക്.

കോട്ടയം ചിങ്ങവനം പാവൂർ കൃഷ്ണ കുമാറിൻ്റെയും ക്രിസ്റ്റിനയുടെയും മകൾ എസ്തേർ(ചിന്നു-3) കൃഷ്ണകുമാർ ആണ് കുസൃതിച്ചിരിയോടെ ചെറുപ്രായത്തിൽ റെക്കോർഡുകളുടെ ചരിത്രത്തിലേക്ക് നീന്തിക്കയറിയത്. 3 വയസ്സും 10 മാസവും മാത്രമാണ് എസ്തേറിന്റെ പ്രായം. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ദൂരം നീന്തിക്കടന്ന പെൺകുട്ടി എന്ന അപൂർവ്വ നേട്ടമാണ് എസ്തർ സ്വന്തമാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ തടാകവുമാണ് വേമ്പനാട് കായൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുക്കയാണ് വേമ്പനാട് കായൽ. കുട്ടികളടക്കം നിരവധിപ്പേരാണ് വേമ്പനാട് കായൽ നീന്തിക്കടന്നു റെക്കോർഡുകൾ കരസ്ഥമാക്കിയിരിക്കുന്നത്. മൂന്നര വയസ്സിൽ വേമ്പനാട്ട് കായൽ നീന്തി കയറി നേടിയെടുത്ത റെക്കോർഡുകൾ ആരെയും അതിശയിപ്പിക്കും. നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് അവാർഡുകൾ കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുമിടുക്കി. വേമ്പനാട് കായലിൽ 5.5 കിലോമീറ്റർ ദൂരം കേവലം 2 മണിക്കൂർ 22 മിനിറ്റ് കൊണ്ട് ആണ് ചിന്നു നീന്തിക്കയറിയത്. 3 മാസം പ്രായമായപ്പോൾ മുതൽ ചിന്നുവിനെ മാതാപിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിന് മുന്നോടിയായി കുളത്തിലും ആറ്റിലുമൊക്കെ ഇറക്കി പേടി മാറ്റിയിരുന്നു. കോട്ടയം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയിലെ ഗ്രാൻഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദിന്റെ മികവുറ്റ പരിശീലനത്തിലൂടെ ചിന്നു ഈ റെക്കോർഡുകൾ കരസ്ഥമാക്കിയത്. കുട്ടിയെ നീന്തൽ പഠിക്കാൻ ചേർത്തപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും മാതാപിതാക്കളായ തങ്ങളുടെ ഉറച്ച തീരുമാനമാണ് മകളുടെ നേട്ടങ്ങൾക്ക് പിന്നിലെന്ന് മാതാവ് ക്രിസ്റ്റീന പറഞ്ഞു.
