കോട്ടയം: ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു. ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത്.

മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു. ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറും മീനച്ചിലാറും വരൾച്ചയുടെ പിടിയിലായിട്ടു മാസങ്ങളായി. പലയിടങ്ങളിലും ഇരു ആറുകളും ഇടമുറിഞ്ഞാണ് ഒഴുകുന്നത്. കയങ്ങളിലും ചെക്ക് ഡാം കെട്ടിയ മേഖലകളിലുമാണ് ഇപ്പോൾ വെള്ളമുള്ളത്.
കാഞ്ഞിരപ്പള്ളി,മുണ്ടക്കയം, എരുമേലി,മണിമല, കൂട്ടിക്കൽ തുടങ്ങിയ മേഖലകളിലും ഒപ്പം മുണ്ടക്കയത്തിന്റെയും എരുമേലിയുടെയും മലയോര മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ശുദ്ധജല വിതരണത്തിനായി പല പദ്ധതികളുമുണ്ടെങ്കിലും ഇവയൊന്നും പ്രയോജനപ്പെടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ചിലയിടങ്ങളിൽ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ട്. വേനല്‍ക്കാല മുന്നൊരുക്കങ്ങളും മഴക്കാല പൂര്‍വ്വ ശുചീകരണ ഒരുക്കങ്ങളും വിലയിരുത്തുന്നതിന് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി(ഡി.ഡി.എം.എ) യോഗത്തില്‍ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍ദ്ദേശം നല്‍കിയെങ്കിലും ജില്ലയുടെ എല്ലാ മേഖലകളിലും ഇത് യാഥാർഥ്യമായിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾക്കൊപ്പം പടിഞ്ഞാറൻ മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിരവധി ശുദ്ധജല വിതരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ഇപ്പോൾ നിലച്ചിരിക്കുകയാണ്. പദ്ധതികൾ പേരിൽ മാത്രം ഒതുങ്ങിയപ്പോൾ നാട്ടുകാർ വെള്ളത്തിനായി പരക്കം പായുകയാണ്.
ഫയൽ ചിത്രം.

