നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ.


കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ. 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

 

 നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും നിലവിൽ ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മാത്രമല്ല ഈ കേസിൽ കുറ്റക്കാരെന്നും കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമിതിയുടെ പ്രധാന ആവശ്യം. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ദുരൂഹതകള്‍ മരണത്തിലുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നിതിൻ രാജിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരവധി ജാതീയ അധിക്ഷേപ പരാതികൾ നിലവിലുണ്ടായിട്ടും മാനേജ്‌മെന്റ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.