കോട്ടയം ടു വാഗമണ്‍; വോട്ടവകാശത്തിന്റെ വിലയറിയിച്ച് 40 ബുള്ളറ്റുകള്‍.

കോട്ടയം: രാവിലെ ഏഴുമണിക്ക് നാല്‍പ്പതു ബുള്ളറ്റുകള്‍ ഒന്നിച്ച്  റോഡിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. എന്താണ് വിശേഷമെന്ന് തിരക്കിയവരോട് വരാനിരിക്കുന്ന വോട്ടെടുപ്പ് എന്ന വലിയ വിശേഷത്തെക്കുറിച്ചാണ് ബുള്ളറ്റ് സംഘം പറഞ്ഞത്.

 

 'അറിയാല്ലോ, ഏപ്രില്‍ ഒന്‍പതിന് നിയമസഭാ തെരഞ്ഞെടുപ്പാണ്. ഉറപ്പായും വോട്ടു ചെയ്യണം'-വാഗമണ്ണിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടിയവരോടെല്ലാം അവര്‍ ഓര്‍മിപ്പിച്ചു. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിലാണ് കോട്ടയം സെന്റ് മേരീസ് റോയല്‍ എന്‍ഫീല്‍ഡിന്റെ സഹകരമത്തോടെ ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്. സമ്മതിദായ പ്രജിജ്ഞയ്ക്കു ശേഷം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കളക്ടറേറ്റ് വളപ്പില്‍ ബുള്ളറ്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍, സ്വീപ് നോഡല്‍ ഓഫീസര്‍ കെ.എ. അമാനത്ത് എന്നിവര്‍ പങ്കെടുത്തു.