കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചകളിൽ വീണ്ടും ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാൻ തീരുമാനിച്ചത്. എന്നാൽ നിർമാണം തുടങ്ങി 11 വർഷം ആയിട്ടും എങ്ങുമെത്താതെ പട്ടണത്തിന്റെ ഒത്ത നടുക്ക് ഒരു പദ്ധതി മാത്രമായി ആകാശപ്പാത അവശേഷിക്കുമ്പോൾ കോട്ടയംകാർക്ക് നാണക്കേടും ഒപ്പം ആശങ്കയും ആണ്.

ജില്ലക്ക് പുറത്തുള്ളവർ ഉൾപ്പടെ പടവലം പന്തൽ എന്നും കോവയ്ക്കാ പന്തൽ എന്നും കളിയാക്കുമ്പോൾ മറുപടി പറയാനാകാതെ നിൽക്കുകയാണ് ഓരോ കോട്ടയംകാരനും. എന്നതാണ് മറുപടി പറയുക? ആകാശപ്പാതയ്ക്കായി സ്ഥാപിച്ച തൂണുകൾ പോലും തുരുമ്പിച്ച തുടങ്ങി. ഇനി ഇത് അടർന്നു വീണു അപകടം സംഭവിക്കുമോ എന്ന പേടിയിലും ആശങ്കയിലുമാണ് കോട്ടയം നിവാസികൾ. 2015 ഡിസംബർ 22നാണു സംസ്ഥാനത്ത് ആദ്യമായി ആകാശപാത എന്ന നിലയിൽ കോട്ടയത്ത് ആകാശപാത നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി. നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്. ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി. ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം. ഭാരിച്ച ചെലവു വഹിച്ച് കോട്ടയം സ്കൈ വാക്ക് പൂർത്തിയാക്കിയാലും ഭാവിയിൽ റോഡ് വികസനമുണ്ടായാൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നു ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന കോട്ടയം എം എൽ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോട്ടയം ആകാശപാത കാണുമ്പോൾ ആളുകൾ ചിന്തിക്കുക ബിനാലെയ്ക്ക് ഉണ്ടാക്കിവെച്ച രൂപം ആണോയെന്നാവും, റോഡിന്റെ വികസനത്തിന്റെ ഭാഗമായി ആകാശപാത പൊളിച്ചുമാറ്റേണ്ടി വരും. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്നും മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ തിരുവഞ്ചൂരിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണ്ടിവരും. ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻഐടിയും ആകാശപ്പാതയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതാണെന്നും കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇതിനു മറുപടിയായി പറഞ്ഞു. ഗണേഷിന്റെ മറുപടി തന്നോടുള്ള പ്രതികാരമാണെന്നും ഇത്തരത്തിലുള്ള സമീപനം കോട്ടയത്ത് വികസനമില്ലാതാക്കുമെന്നും തിരുവഞ്ചൂർ അന്ന് പറഞ്ഞിരുന്നു. താൻ മന്ത്രിയായിരുന്ന സമയത്ത് കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമിക്കാൻ മന്ത്രി തടസ്സം നിൽക്കുന്നതെന്ന് വാദപ്രതിവാദങ്ങളിൽ തിരുവഞ്ചൂർ പറഞ്ഞിരുന്നു. അക്ഷര നഗരിയുടെ പുത്തൻ യാത്രാ സംസ്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് ആയി കൊട്ടോഘോഷിക്കപ്പെട്ട കോട്ടയത്തിന്റെ ആകാശപ്പാതയിലേക്കുള്ള കാലിടറുകയാണ്. പ്രഖ്യാപിച്ച പോലെ പണി തീർന്നിരുന്നെങ്കിൽ കേരളത്തിലെ തന്നെ ആദ്യത്തെ ആകാശ പാത സ്വന്തമാക്കുന്ന ജില്ലാ കോട്ടയമായേനെ. 2021 ൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കോട്ടയം കളക്ട്രേറ്റിൽ യോഗം ചേരുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിറ്റ്കോയെ ആണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കിറ്റ്കോയ്ക്ക് കഴിയാതെ വന്നതുമാണ് പദ്ധതി പാതി വഴിയിൽ നിലയ്ക്കാൻ കാരണമായതെന്നു അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. 2023 ൽ വീണ്ടും കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയും ഹൈക്കോടതി ഇടപെടലിൽ കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. ആകാശപ്പാത പൊളിക്കണോ വേണ്ടയോ എന്ന് റോഡ് സുരക്ഷാ വിഭാഗത്തിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല എന്ന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി 2024 ൽ പറഞ്ഞിരുന്നു. ഇന്ന് ഇതുവഴിയെത്തുന്ന ജനങ്ങൾ അപകടഭീതിയിലാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴായി ആകാശപ്പാതയുടെ പലഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചിരുന്നു. ശക്തമായ മഴയിലും കാറ്റിലും കോട്ടയം നഗരത്തിന്റെ നടുക്ക് അപകടഭീഷണിയുയർത്തിയാണ് ആകാശപ്പാതയുടെ നിൽപ്പ്. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.
