ഇടുക്കി, പൂഞ്ഞാർ, പീരുമേട് സീറ്റ് നിഷേധിച്ചു, കടുത്ത അതൃപ്തി രേഖപ്പെടുത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യർ.


കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി കോൺഗ്രസ്സിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊട്ടിത്തെറികൾ അവസാനിക്കുന്നില്ല. ഇടുക്കി, പൂഞ്ഞാർ, പീരുമേട് സീറ്റ് കോൺഗ്രസ്സ് നേതൃത്വം നിഷേധിച്ചതിനെ തുടർന്ന്  കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യർ.

 

 കഴിഞ്ഞ ദിവസങ്ങളിലായി ഇടുക്കി, പീരുമേട് സീറ്റുകളിലും ഇന്നലെ മുതൽ പൂഞ്ഞാർ സീറ്റിലും അലോഷ്യസ് സേവ്യറിന്റെ പേര് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വാർത്തകളിൽ നിറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് കരുതുന്നത്. പീരുമേട് സീറ്റിലായിരുന്നു അലോഷ്യസിനെ ആദ്യം പരിഗണിച്ചത്. എന്നാൽ പ്രദേശിക നേതൃത്വത്തിലെ എതിർപ്പിനെ തുടർന്ന് പീരുമേട് സീറ്റ് ആദ്യം നിഷേധിക്കപ്പെട്ടു. പിന്നീടാണ് ഇടുക്കി സീറ്റിൽ പരിഗണിച്ചത്. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമുയർന്നതോടെ  പൂഞ്ഞാർ സീറ്റിലേക്ക് മാറി. അവസാന ഘട്ടത്തിൽ മൂന്ന് മണ്ഡലങ്ങളിലും അലോഷ്യസിന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. അലോഷ്യസിനെ പിന്തുണച്ച് പത്ത് സംസ്ഥാന ഭാരവാഹികളും രാജിക് ഒരുങ്ങുന്നതായാണ് സൂചനകൾ. 'വരാനിരിക്കുന്ന തലമുറയിലെ കെഎസ്‍യു പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ രാജി സമർപ്പിക്കുന്നു' എന്നാണു നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ പറയുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളായി സംസ്ഥാനത്ത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവുകളിൽ പോരാടി, പോലീസ് അതിക്രമങ്ങൾ നേരിട്ട്, ജയിലുകളിൽ കിടന്നത് കെ.എസ്.യുവും പ്രവർത്തകരുമാണെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് അർഹമായ പ്രാതിനിധ്യം നൽകാതിരുന്നതിൽ ഞാൻ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നു എന്നും അലോഷ്യസ് സേവ്യർ രാജിക്കത്തിൽ പറയുന്നു.