എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത ത്രികോണ മത്സരം നടക്കുന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ട്വിസ്റ്റുകൾക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നായ പൂഞ്ഞാറിൽ മത്‌സരം മുറുകുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ മണ്ഡലത്തിൽ മുന്നണികൾ ആവേശ പോരാട്ടത്തിലാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികൾ.

 

 വീടുകൾ കയറിയുള്ള പ്രചാരണവും പ്രവർത്തകർ പൊടിപൊടിക്കുകയാണ്. മീനമാസ ചൂടിനേക്കാളും വലിയ ചൂടാണ് മണ്ഡലത്തിലെ ഇലക്ഷൻ ചൂട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരളാ കോൺഗ്രസ്സ് എം സാരഥിയായി സിറ്റിംഗ് എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും യുഡിഎഫ് സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ എം ജെ യും ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ്ജുമാണ് പോരാട്ട വേദിയിലുള്ളത്. ഇടത്-ഐക്യമുന്നണികൾക്കൊപ്പവും സ്വന്തന്ത്രനൊപ്പവും നിന്ന പൂഞ്ഞാറിന്റെ മനസ്സ് ഇത്തവണ ആർക്കൊപ്പം എന്നാണു ഇനി അറിയേണ്ടത്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി ഒരു നഗരസഭയും ഒൻപത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പൂഞ്ഞാർ നിയോജകമണ്ഡലം. കഴിഞ്ഞ തവണ പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷ സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നിലവിൽ ഇടതുപക്ഷത്തിന്റെ കയ്യിലിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാതെ ഉറപ്പിച്ചു നിർത്താനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ്സ് എം സാരഥിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇപ്പോൾ പൂഞ്ഞാറിലെ എം എൽ എ. രാഷ്ട്രീയ കേരളത്തിൽ ജനങ്ങൾ ഉറ്റുനോക്കുന്ന പാർട്ടികൾക്കുള്ളിലും ചർച്ചാവിഷയമായി മാറിയിരിക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ മത്സരം കടുത്തേക്കുമെന്നാണ് സൂചന. മണ്ഡലത്തിലെ വികസന പ്രശനങ്ങൾ ചൂടിക്കട്ടിയാണ് യുഡിഎഫ് വോട്ട് തേടുന്നത്. വികസന മുരടിപ്പും വികസന പ്രവർത്തനങ്ങൾ നടക്കാത്തതും, പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും യുഡിഎഫ് ചർച്ചയാക്കുന്നുണ്ട്. സീറ്റ് ഉറപ്പിക്കാൻ എൽ ഡി എഫ് വലിയ പോരാട്ടം തന്നെ ആണ് മണ്ഡലത്തിൽ നടത്തുന്നത്. നിലവിൽ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ബി ജെ പി യുടെ നേട്ടങ്ങൾ പൂഞ്ഞാർ മണ്ഡലത്തിലും ചർച്ചാ വിഷയമാകുന്നുണ്ട്. പ്രവർത്തന മേഖലകൾ പാർട്ടി ശക്തമാക്കിയതോടെ പൂഞ്ഞാറിലും വിജയ സാധ്യത തേടുകയാണ് ബി ജെ പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളാ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതിനാൽ തന്നെ പി സി ജോർജ്ജ് മത്സര രംഗത്ത് ഉള്ളത് യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ടു വന്നത് അദ്ദേത്തിന്റെ പ്രവർത്തനങ്ങളുടെയും ജനസമ്മതിയുടെയും തെളിവാണ്. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പൂഞ്ഞാറിന്റെ മണ്ണിലും തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ് ഒരുങ്ങുമ്പോൾ നാടിന്റെ നേട്ടങ്ങളും സാധാരണക്കാർക്കൊപ്പം നിന്ന മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് എൽ ഡി എഫ് വോട്ട് ചോദിക്കാൻ എത്തുന്നത്. എന്തായാലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറും പൂഞ്ഞാർ മണ്ഡലവും. പോരാട്ടങ്ങൾക്കൊടുവിൽ മണ്ഡലം നിലനിർത്താനാവുമോ എന്നും പിടിച്ചെടുക്കുമോ എന്നും കാത്തിരുന്നു കാണാം.