കോട്ടയം: അടിസ്ഥാന ശമ്പളം 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾക്ക് മുൻപിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ഇന്ന് മുതൽ പുനരാരംഭിക്കും. ഹൈക്കോടതി മീഡിയേഷനിൽ നേഴ്‌സുമാരുടെ ശമ്പള വർദ്ധനവിൽ ധാർഷ്ട്യ നിലപാടുകളാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സ്വീകരിച്ചതെന്ന് യുഎൻഎ ഭാരവാഹികൾ അറിയിച്ചു.

ചർച്ച പരാജയപ്പെട്ട സഹചര്യത്തിൽ അടിസ്ഥാന ശമ്പള വർധനവിൽ ധാരണയാകാത്ത സ്വകാര്യ ആശുപത്രികളിൽ നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് 26 ആശുപത്രികളിൽ നേഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരം പുനരാംരംഭിക്കും. ആസ്റ്റർ കാസർഗോഡ്, ആസ്റ്റർ കണ്ണൂർ, ബി.എം.എച്ച് കണ്ണൂർ, ബി.എം.എച്ച് വടകര, ബി.എം.എച്ച് കോഴിക്കോട്, മൈത്ര ബി.എം.എച്ച്, കോഴിക്കോട്, ആസ്റ്റർ കോഴിക്കോട്, മെട്രോ കോഴിക്കോട്,RCH കോഴിക്കോട്, മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട്, ഇക്ര, വയനാട്, ആസ്റ്റർ, അരീക്കോട്, മലപ്പുറം, ആസ്റ്റർ, കോട്ടക്കൽ, മലപ്പുറം, ഇസാഫ്, പാലക്കാട്, ക്രസൻ്റ്,പാലക്കാട്, പാൽന, പാലക്കാട്, അമല, ത്രിശൂർ,ജൂബിലി, ത്രിശൂർ, അശ്വിനി, ത്രിശൂർ, എൽ.എഫ്, അങ്കമാലി, എറണാകുളം, ആസ്റ്റർ, എറണാകുളം, ലേക്ഷോർ, എറണാകുളം,കാരിത്താസ്, കോട്ടയം,S.H, പൈങ്കുളം, ഇടുക്കി, പുഷ്പഗിരി, പത്തനംതിട്ട, ആസ്റ്റർ, കൊല്ലം എന്നീ ആശുപതികളാണ് നേഴ്‌സുമാർ ആവശ്യപ്പെട്ട അടിസ്ഥാന ശമ്പള വർദ്ധനവ് നടപ്പിലാക്കാത്ത ആശുപത്രികൾ. ഈ ആശുപത്രികളിൽ യുഎൻഎ യുടെ നേതൃത്വത്തിൽ നേഴ്‌സുമാർ ഇന്ന് മുതൽ അനശ്ചിതകാല സമരം ആരംഭിക്കും. ചർച്ചകൾക്ക് തയ്യാറായി ധാരണയാകുന്ന സ്ഥാപനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്നും എപ്പോഴും ചർച്ചക്ക് തയ്യാറെന്നും യുഎൻഎ ഭാരവാഹികൾ പറഞ്ഞു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ എൺപത് ശതമാനത്തോളം നേഴ്‌സുമാർ ഒരാഴ്ചയോളം ആശുപത്രിക്ക് മുൻപിൽ സമരം നടത്തിയിട്ടും ആശുപത്രി മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. പൊതുസമൂഹത്തിനു വേണ്ടിയും രോഗബാധിതർക്ക് വേണ്ടിയും മഹാമാരിക്കാലത്ത് ജീവൻ പണയം വെച്ച് ഒപ്പം നിന്ന നേഴ്‌സുമാർക്ക് വേണ്ടിയും കോട്ടയം കാരിത്താസ് ഉളപ്പടെയുള്ള ആശുപത്രികൾ ചർച്ചയ്ക്ക് തയ്യാറാകണം. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് താത്കാലികമായി നേഴ്‌സുമാർ സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്. ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ സമരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌കരണം അപ്രായോഗികമാണ് എന്നാണു മാനേജ്മെന്റ് നിലപാട്. നഴ്‌സുമാരുടെ സമരം വീണ്ടും ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നിലവിൽ 15 വർഷമായി ജോലി ചെയ്യുന്നവർക്ക് പോലും 20000 രൂപയാണ് ലഭിക്കുന്നതെന്നും പഠിച്ചിറങ്ങി ജോലിക്ക് കയറുന്ന ഒരാളുടെ ബേസിക്ക് സാലറി പോലും ഇപ്പോൾ 20000 രൂപയാണെന്നും നേഴ്‌സുമാർ പറയുന്നു. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ മുടക്കി പഠനം പൂർത്തിയാക്കിയിട്ട് ജോലിക്ക് കയറുമ്പോൾ തുശ്ചമായ ശമ്പളമാണ് കിട്ടുന്നതെന്നും പ്രതിഷേധിക്കുന്ന നേഴ്‌സുമാർ പറഞ്ഞു. പഠനത്തിന്റെ ലോൺ അടവ്, വീട്ടുവാടക, മക്കളുടെ പഠനം, മരുന്നുൾപ്പടെയുള്ള ചിലവുകൾ എല്ലാം കഴിഞ്ഞാൽ കിട്ടുന്ന ശമ്പളം അടുത്ത മാസത്തേക്ക് വണ്ടിക്കൂലിക്ക് പോലും മിച്ചമുണ്ടാകില്ല എന്ന് നേഴ്‌സുമാർ പറയുന്നു. ഒരു വർഷം വീതമുള്ള കോൺട്രാക്റ്റ് വ്യവസ്ഥയിലാണ് നേഴ്‌സുമാരെ നിയമിക്കുന്നതെന്നും എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്നും പുറത്താക്കാമെന്നും ഓരോ വർഷം കഴിയുമ്പോഴും കോൺട്രാക്ട് പുതുക്കിയാൽ മാത്രമാണ് ജോലിയുള്ളു എന്നും നേഴ്‌സുമാർ പറയുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു നാളെ മുതൽ കരുത്തുറ്റ അതിജീവന പോരാട്ടത്തിന് ഒരുങ്ങുകയാണ് നേഴ്‌സുമാർ.
