അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്.


തിരുവനന്തപുരം: മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്.

 

 പണിമുടക്കിന്റെ ഭാഗമായി നഴ്‌സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സംസ്ഥാനത്തെ 490 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, രോഗി - നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് ‌നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് നേഴ്‌സുമാർ ഇന്ന് പണിമുടക്കുന്നത്. നേഴ്‌സുമാരുടെ പണിമുടക്കിൽ സ്വകാര്യ ആരോഗ്യ മേഖല ഇന്ന് പ്രതിസന്ധിയിലാകും. ക്ലിനിക്കുകൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ നേഴ്‌സുമാർ ഉൾപ്പടെ പണിമുടക്കിന്റെ ഭാഗമാകും. കാഷ്വാലിറ്റി, തീവ്രപരിചരണ വിഭാഗം (ഐസിയു), വെൻ്റിലേറ്റർ യൂണിറ്റുകൾ, ഡയാലിസിസ് സെൻ്ററുകൾ, ലേബർ റൂം, അത്യാവശ്യ ജീവൻരക്ഷാ ശസ്ത്രക്രിയകൾ എന്നിവയെ പണിമുടക്കിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഓ പി വിഭാഗത്തിലെയും വാർഡുകളിലെയും പ്രവർത്തനങ്ങൾ തടസ്സപ്പെടും.

ഫയൽ ചിത്രം