കോട്ടയം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള കോട്ടയം കാരിത്താസിലെ നേഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ശമ്പള വർദ്ധനവിൽ നേഴ്‌സുമാരോട് ചർച്ചയ്ക്ക് പോലും തയ്യാറാകാതെ മുഖം തിരിച്ച് നിൽക്കുന്ന നിലപാടാണ് കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും ഇതുവരെ നേഴ്സുമാരുമായി ഒരു തരത്തിലുമുള്ള ചർച്ചയ്ക്ക് പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല എന്നും നേഴ്സ്‌മാർ പറഞ്ഞു.

ആശുപത്രിയിലെ എൺപത് ശതമാനത്തോളം നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. കാരിത്താസ് ആശുപത്രിയിൽ നേഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത്. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. നിലവിൽ 15 വർഷമായി ജോലി ചെയ്യുന്നവർക്ക് പോലും 20000 രൂപയാണ് ലഭിക്കുന്നതെന്നും പഠിച്ചിറങ്ങി ജോലിക്ക് കയറുന്ന ഒരാളുടെ ബേസിക്ക് സാലറി പോലും ഇപ്പോൾ 20000 രൂപയാണെന്നും നേഴ്‌സുമാർ പറയുന്നു. "കോവിഡ് കാലത്ത് ഞങ്ങൾ മാലാഖമാർ ആയിരുന്നു, കുറഞ്ഞ ശമ്പളത്തിൽ പന്ത്രണ്ട് മണിക്കൂറോളം ചിലപ്പോൾ അതിലധികവും ജോലിയാണ് ഞങ്ങൾ ചെയ്യുന്നത്, പക്ഷെ ഇപ്പോൾ അടിമകളെ പോലെ" ആണെന്നും പ്രതിഷേധിക്കുന്ന നേഴ്‌സുമാർ പറയുന്നു. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ മുടക്കി പഠനം പൂർത്തിയാക്കിയിട്ട് ജോലിക്ക് കയറുമ്പോൾ തുശ്ചമായ ശമ്പളമാണ് കിട്ടുന്നതെന്നും പ്രതിഷേധിക്കുന്ന നേഴ്‌സുമാർ പറഞ്ഞു. പഠനത്തിന്റെ ലോൺ അടവ്, വീട്ടുവാടക, മക്കളുടെ പഠനം, മരുന്നുൾപ്പടെയുള്ള ചിലവുകൾ എല്ലാം കഴിഞ്ഞാൽ കിട്ടുന്ന ശമ്പളം അടുത്ത മാസത്തേക്ക് വണ്ടിക്കൂലിക്ക് പോലും മിച്ചമുണ്ടാകില്ല എന്ന് നേഴ്‌സുമാർ പറയുന്നു. ഒരു വർഷം വീതമുള്ള കോൺട്രാക്റ്റ് വ്യവസ്ഥയിലാണ് നേഴ്‌സുമാരെ നിയമിക്കുന്നതെന്നും എപ്പോൾ വേണമെങ്കിലും ജോലിയിൽ നിന്നും പുറത്താക്കാമെന്നും ഓരോ വർഷം കഴിയുമ്പോഴും കോൺട്രാക്ട് പുതുക്കിയാൽ മാത്രമാണ് ജോലിയുള്ളു എന്നും നേഴ്‌സുമാർ പറയുന്നു. ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം നടന്നിട്ടും ഇന്നിപ്പോൾ രണ്ടാം ദിവസമായിട്ടും ഇതുവരെയും ആശുപത്രി മാനേജ്‌മെന്റ് ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നും നേഴ്‌സുമാർ പരാതിപ്പെടുന്നു.
