ഗർഭാശയഗള കാൻസറിന് പ്രതിരോധം: എച്ച്.പി.വി. വാക്‌സിൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി.


കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു.

 

 മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യദിനം ജില്ലയിൽ 172 പെൺകുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. ഗർഭാശയഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിച്ചത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങിയത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. https://uwin.mohfw.gov.in/home. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,കോട്ടയം നഗരസഭാ അംഗം ജോൺ വർഗ്ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ  (ആരോഗ്യം)ഡോ. സി.ജെ. സിതാര, കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ, കോട്ടയം ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ജില്ലാ ആശുപത്രി പി.പി.യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. പി.എൽ ലിജി,ജില്ലാ ആശുപത്രി എച്ച്.എം.സി  അംഗം സാബു ഈരയിൽ,ആർ.സി.എച്ച് ഓഫീസർ (ആരോഗ്യം) ഡോ. ബി.കെ. പ്രസീദ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ്  മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു.

Next
This is the most recent post.
Previous
Older Post