കോട്ടയം: ആകാശപാത സ്വപ്ന പദ്ധതി ആണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യ പരിഗണന കോട്ടയത്തിന്റെ ആകാശപാതയ്ക്ക് ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ആകാശപാത പുതിയ കാലത്തിന് അനുസരിച്ച് പൂർത്തിയാക്കുന്നതിനായാണ് പദ്ധതിയുള്ളത്. പദ്ധതി തടസ്സപ്പെടുത്തിയതും ഇടംകോലിട്ടതും ഇടതുപക്ഷമാണ്. സ്വപ്നപദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്ന് ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നുമാണ് തിരുവഞ്ചൂരിന്റെ അവകാശവാദം. ഇപ്പോളുള്ള ടവറിന്‍റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്‍റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പദ്ധതി നിര്‍വഹണത്തില്‍ നിന്ന് കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണമെന്ന പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന ആക്ഷേപവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്. ആകാശപാതയുടെ കാര്യത്തില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് സിപിഎം. സംസ്ഥാന പാതയുടെ നടുവിലാണോ ടവര്‍ പണിയുന്നതെന്നും ആശകാപാതയ്ക്ക് എവിടെ ലിഫ്റ്റ് പണിയുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ അനിൽകുമാർ ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2015 ഡിസംബര്‍ 22 ന് നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ പത്തു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
