നിയമസഭാ തെരഞ്ഞെടുപ്പ്: രാപ്പകല്‍ പരിശോധനയുമായി സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ അനധികൃതമായി പണവും മദ്യവുമടക്കം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍ (എസ്.എസ്.ടി) ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 27 കേന്ദ്രങ്ങളില്‍.

 

 മൂന്നു ഷിഫ്റ്റുകളിലായി 81 പേരാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ടീം ലീഡര്‍, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സ്‌ക്വാഡിന് അധികാരമുണ്ട്. 50000 രൂപയിലധികം കൈവശം വയ്ക്കുന്നവര്‍ കൃത്യമായ രേഖകള്‍ കാണിച്ചില്ലെങ്കില്‍ നടപടിയെടുക്കും. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്കാണ് ജില്ലാതല ഏകോപനച്ചുമതല.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളും അനാവശ്യ ചെലവുകളും തടയുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകളുടെ പ്രധാന ചുമതല തെരഞ്ഞെടുപ്പില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ്. ജില്ലയുടെ അതിര്‍ത്തികളായ നെല്ലാപ്പാറ,ഇലഞ്ഞി പാലം, കാട്ടിക്കുന്ന്, ളായിക്കാട്, മുണ്ടക്കയം,പുതുവേലി,അംബികാ മാര്‍ക്കറ്റ്,നീര്‍പ്പാറ,കണമല പാലം എന്നിവിടങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലുമാണ് ടീം നിലയുറപ്പിച്ചിരിക്കുന്നത്. സംഘം പരിശോധന നടത്തുന്നത് കളക്ടറേറ്റിലെ നിരീക്ഷണ കേന്ദ്രത്തിനലിരുന്ന് തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.