സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി, കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാൻ കോൺ​ഗ്രസ് നീക്കം.


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി. കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്.

 

 കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിച്ചാൽ മാത്രമേ ഈ മൂന്നു മണ്ഡലങ്ങളിലും വിജയമുറപ്പിക്കാനാകൂ എന്നാണു കോൺഗ്രസ്സ് പറയുന്നത്. എന്നാൽ ഈ അവകാശവാദങ്ങളോട് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് യോജിപ്പില്ല. ഇതോടെ സീറ്റ് വിഭജനത്തിൽ യോജിപ്പില്ലാതെ കോൺഗ്രസ്സ്-കേരളാ കോൺഗ്രസ്സ് ചർച്ചകൾ. 10 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്, ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും എന്നും കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. ഏതെങ്കിലും സീറ്റുകൾ വിട്ടുനൽകേണ്ടി വന്നാൽ പകരം പൂഞ്ഞാർ സീറ്റ് ചോദിച്ചേക്കുമെന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്ന് കേരളാ കോൺഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടു. മുന്നണിയുടെ വിജയത്തിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ വിശദമായ ചർച്ച നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തതോടെ നാളുകൾക്ക് മുൻപേ കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാൻ കോൺ​ഗ്രസ് നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പാർട്ടി മത്സരിക്കുന്ന പത്ത് സീറ്റുകളിൽ ഒന്ന് പോലും വിട്ടുകൊടുക്കേണ്ട എന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം.