തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും കമ്മീഷണർമാരും കഴിഞ്ഞ ദിവസം കേരളത്തിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ മുന്നണികൾ തിരക്കിട്ട സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലാണ്. മൂന്നു മുന്നണികളിലും സ്ഥാനാർഥി നിർണ്ണയം അന്തിമ ഘട്ടത്തിൽ എത്തിയതായാണ് വിവരം. ഔദോഗികമായുള്ള സ്ഥാനാർഥി പ്രഖ്യാപനം മാത്രമാണ് ഇനിയുള്ളത്. സംസ്ഥാനത്ത് ഏപ്രിൽ 18നും 22നും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. വിഷുവിനു തൊട്ട് പിന്നാലെ കേരളം വോട്ടിങ് ബൂത്തിലേക്ക് നടന്നടുക്കും. പ്രധാനമന്ത്രിയുടെ കേരളത്തിലെയും ആസാമിലെയും സന്ദർശനത്തിനു ശേഷം ആയിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. അടുത്ത ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ നൽകിയ വിവരം.
