കോട്ടയം ജില്ലയിലെ സിപിഐ യുടെ ഏക സീറ്റായ വൈക്കം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി, സിപിഐക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ അടിത്തറയുള്ള മേഖലയായ വൈക്കത്ത് കെ അജിത


വൈക്കം: കോട്ടയം ജില്ലയിലെ സിപിഐ യുടെ ഏക സീറ്റായ വൈക്കം നിയോജക മണ്ഡലം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. ജില്ലയിൽ കൂടുതൽ മണ്ഡലങ്ങളിൽ വിജയസാധ്യത ഉറപ്പു വരുത്തുകയാണ് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപി-എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി.

 

 വൈക്കം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി കെ. അജിത്ത് മത്സരിക്കാനാണ് സാധ്യത. മുതിർന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. വൈക്കത്ത് അജിത്തിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നിലവിലെ പാർട്ടി തീരുമാനം. സിപിഐക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ അടിത്തറയുള്ള മേഖലയായ വൈക്കത്ത് കെ അജിത്ത് ബിജെപി സ്ഥാനാർഥിയായേക്കും. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ദളിത് വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല എന്നും വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല എന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത് എന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അജിത്ത് പറഞ്ഞിരുന്നു. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു കെ. അജിത്ത്. സിപിഐയുടെ ആദ്യകാല നേതാവും 4 തവണ വൈക്കം എംഎൽഎയുമായിരുന്ന എം.കെ.കേശവന്റെ മകനാണ് അജിത്ത്. അജിത്തിന് സ്വീകരണം ഒരുക്കാൻ 10ന് വൈക്കത്ത് ബിജെപി സമ്മേളനം സംഘടിപ്പിക്കും. അജിത്ത് മത്സരിക്കുന്നതോടെ വൈക്കത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് കണക്കുകൂട്ടൽ. സിപിഐ സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ സി.കെ ആശയുടെ പേരും പി.പ്രദീപിന്റെ പേരുമാണ് പാർട്ടി പട്ടികയിലുള്ളത്.