കുമരകം കരിയിൽ പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്, നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി.


കുമരകം: കരിയിൽ പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലം സന്ദർശിച്ചു വിലയിരുത്തി മന്ത്രി വി എൻ വാസവൻ. സ്വന്തം നാട്ടിലേക്ക് വാഹനങ്ങൾ എത്തണമെന്ന പൊങ്ങലക്കരി നിവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് കരിയിൽ പാലത്തിലൂടെ യാഥാർത്ഥ്യമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

 

 കുമരകം ഗ്രാമപ്പഞ്ചായത്ത് 8-ാം വാർഡിലെ തുരുത്തായ പൊങ്ങലക്കരിലേക്ക് കാറും ചെറിയ ലോറികളും കടന്നു പോകുന്ന പാലമാണ് പൂർത്തിയാവുന്നത്. 200 ലധികം കുടുംബങ്ങൾ  താമസിക്കുന്ന ഇവിടെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടിയും, പഞ്ചായത്തും ചേർന്ന് നിർമ്മിച്ച പാലമായിരുന്നു  പൊങ്ങലക്കരിയിലേക്കുണ്ടായിരുന്നത്. ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ കഴിഞ്ഞിരുന്നത്. വാഹനങ്ങൾ കയറുന്ന പുതിയ പാലം പണിക്കായ 4 കോടി 20 ലക്ഷം  രൂപ ആണ് ചിലവഴിക്കുന്നത്. ചെറിയ ബോട്ടുകളും വള്ളങ്ങളും അടിയിലൂടെ  കടന്നുപോകുന്ന രീതിയിലാവും നിർമ്മാണം.  ടൂറിസം സാധ്യത ഏറെയുള്ള പ്രദേശത്തിന്റെ വികസനത്തിനുകൂടിയാണ് പാലം വരുന്നതിലൂടെ  വഴിതുറക്കുന്നത്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന വിസ്തൃതിയേറിയ ജലാശയമാണു പാലത്തിനു കിഴക്കും പടിഞ്ഞാറുമായി. പാലം ഉയർത്തി പണിതാൽ പടിഞ്ഞാറ് ഭാഗത്ത് ഹൗസ് ബോട്ടും ശിക്കാര വള്ളവും എത്തും. നിലവിൽ കിഴക്ക് ഭാഗം വരെ ഹൗസ് ബോട്ടിന് എത്താൻ കഴിയും. കരിയിൽ പാലത്തിനു സമീപത്ത് നിന്ന് ആലപ്പുഴയ്ക്ക് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിനു സാധ്യതയേറെയാണ് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.