സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്, ജില്ലയിൽ അൾട്രാവയലറ്റ് തോത് അതീവ ജാഗ്രതാ നിലയിൽ.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസറഗോഡ്  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ അൾട്രാവയലറ്റ് തോത് അതീവ ജാഗ്രതാ നിലയിൽ എത്തിയിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി തോത് 8 ആണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പകൽ സമയം ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത തുടരണം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് സൂചിക 8 ആണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.