ഇത്രയും നാൾ ഒപ്പം നിന്ന നേഴ്‌സുമാരോട് കരുണ കാട്ടാതെ മാനേജ്‌മെന്റ്, അതിജീവനത്തിനായുള്ള കോട്ടയം കാരിത്താസ് ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം മൂന്നാം ദിവസവ


കോട്ടയം: അടിസ്ഥാന ശമ്പളം 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കാരിത്താസ് ആശുപത്രിക്ക് മുൻപിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

 

 ഇതുവരെയും മാനേജ്‌മെന്റ് യാതൊരുവിധ ചർച്ചകൾക്കും തയ്യാറായിട്ടില്ല എന്ന് നേഴ്‌സുമാർ പറഞ്ഞു. ഇത്രയും നാൾ ഒപ്പം നിന്ന നേഴ്‌സുമാരോട് കരുണ കാട്ടാതെയുള്ള നടപടികളാണ് മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിൽ പുതിയ നേഴ്സിങ് ജീവനക്കാരെ നിയമിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം കാരിത്താസ് ആശുപത്രിയിലും ഇന്നലെ മുതൽ ശനിയാഴ്ച വരെ ഇന്റർവ്യൂ നടത്തുന്നുണ്ട് എന്നും നേഴ്‌സുമാർ പറഞ്ഞു. അടിസ്ഥാന ശമ്പള വർദ്ധനവിൽ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ. സംസ്ഥാന-,,, ജില്ലാ നേതാക്കന്മാർ നേഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരവേദിയിൽ എത്തുന്നുണ്ട്. 40000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യം അംഗീകരിക്കും വരെ അനിശ്ചിതകാല സമരം തുടരുമെന്ന് നേഴ്‌സുമാർ പറഞ്ഞു. മാനേജ്‌മെന്റ് ചർച്ചയ്‌ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കാരിത്താസ് ആശുപത്രിയിൽ നേഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം നടന്നിട്ടും ഇതുവരെയും ആശുപത്രി മാനേജ്‌മെന്റ് ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നും നേഴ്‌സുമാർ പരാതിപ്പെടുന്നു.