പ്ലാച്ചേരി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിയിൽ മിനി വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം.

മുക്കട ഇടമൺ വാകത്താനം സ്വദേശികളാണ് മരണമടഞ്ഞ രണ്ട് പേരും. വാകത്താനം മാമൂട്ടിൽ എബ്രഹാം വർഗീസ് (സജി-55), കടുകുംതുരുത്തേൽ മാത്യു ജേക്കബ് (ജോമോൻ-45) എന്നിവരാണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മണിമല റോഡിൽ പ്ലാച്ചേരിയിൽ ആണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. മിനിവാനും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. വാൻ അമിതാവേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തു തന്നെ ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. ഇരുവരുടെയും മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റാന്നി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സജിയുടെ ഭാര്യ ജോയ്‌സി റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം ആണ്. അയ്ബിൻ, അനു എന്നിവരാണ് മക്കൾ. റോസ്ലിൻ ആണ് ജോമോൻ്റെ ഭാര്യ, മക്കൾ: ജിറ്റോ, ജിയോ.
