'ജനാധിപത്യം പറയേണ്ട!'; ദി കാരവൻ മുൻ എഡിറ്ററുടെ ക്ഷണം പിൻവലിച്ച് പാലാ സെന്റ് തോമസ് കോളജ്.


പാലാ: പാലാ സെന്റ് തോമസ് കോളജിലെ പ്രഭാഷണ പരിപാടിയിൽ തനിക്കുണ്ടായിരുന്ന ക്ഷണം പിൻവലിച്ചുവെന്ന് 'ദി കാരവൻ' മുൻ എഡിറ്റർ വിനോദ് കെ.ജോസ്. 'ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു ക്ഷണം.

 

 ഫെബ്രുവരി അഞ്ചിന് നടക്കേണ്ടിയിരുന്ന പരിപാടിയുടെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. താൻ ഒരു വിവാദ വ്യക്തിത്വമാണെന്നും മാനേജ്‌മെന്റും പ്രിൻസിപ്പലും തന്റെ സാന്നിധ്യം താത്പര്യപ്പെടുന്നിള്ള എന്നും അറിയിപ്പ് ലഭിച്ചതായും വിനോദ് കെ.ജോസ് ഫേസ്ബുക്കിൽ കുറിച്ചു. താൻ ഒരു വാക്കുപോലും പറയാതെ തന്നെ പ്രഭാഷണം നടന്നതായും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ വിശദീകരിക്കപ്പെട്ടുവെന്നും വിനോദ് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങൾ തടയുക എന്ന ആർ‌എസ്‌എസ്-ബിജെപി നിലപാടിനെ പിന്തുടരുന്നു. ഇത് ഹിന്ദു വലതുപക്ഷത്തിന് കേരളത്തിൽ കാലുറപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. തുറന്നുകാട്ടേണ്ട ആശയങ്ങളും അനുഭവങ്ങളും സെൻസർ ചെയ്യാൻ ഒരു മാനേജ്‌മെന്റ് തീരുമാനിക്കുമ്പോൾ, പിന്നെ എന്തിനാണ് വിദ്യാഭ്യാസ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെടുന്നതെന്നും വിനോദ് ചോദിച്ചു.