കേരളത്തിനായി ഒന്നും നൽകാതെ ജനങ്ങളെ ഒന്നാകെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒന്നായി കേന്ദ്ര ബജറ്റ്.


കോട്ടയം: കേരളത്തിനായി ഒന്നും നൽകാതെ ജനങ്ങളെ ഒന്നാകെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒന്നായി കേന്ദ്ര ബജറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. ജനവിരുദ്ധമായ ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന മാത്രമാണ് തെളിഞ്ഞുനിൽക്കുന്നത്. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ ഇടനാഴി എന്നിവയിലൊന്നിലും കേരളത്തെ ഉൾപ്പെടുത്തിയില്ല.

 

 കേന്ദ്രത്തിന്റെ കടുത്ത വിവേചനമാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്. വികസനകാര്യത്തിൽ കേരളത്തിനോടുള്ള രാഷ്ട്രീയ പ്രതികാരബുദ്ധി കേന്ദ്രസർക്കാർ തുടരുകയാണ് ഈ ബഡ്ജറ്റിലും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പലതും,കൊണ്ടുവരുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച കേന്ദ്രമന്ത്രി പറഞ്ഞിട്ട് കിട്ടിയത് കടലാമ സംരക്ഷണകേന്ദ്രമാണ്. മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്ന ധാതു ഇടനാഴിയാണ്. എന്നാല്‍ കേരള ബജറ്റിൽ വിഴിഞ്ഞം മുതൽ ചവറ വരെ ഒരു ധാതു ഇടനാഴി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. 29 ഇന ആവശ്യങ്ങളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ചത്. കേന്ദ്രം ഇതെല്ലം തള്ളിയിരിക്കുകയാണ്. രാജ്യത്ത് പുതുതായി ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നിൽ പോലും കേരളമില്ല. അതിവേ​ഗ റെയിൽ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നെങ്കിൽ പദ്ധതിക്കൊപ്പം സംസ്ഥാനം നിൽക്കുമെന്നും നേരത്തെ അറിയിച്ചിരുന്നതാണ്. നേരത്തെ തന്നെ പദ്ധതിയുമായി മുന്നോട്ട് വന്ന കേരളത്തെ തഴഞ്ഞ് പുതിയ 7 എണ്ണം കേന്ദ്രം പ്രഖ്യാപിക്കുമ്പോൾ‌ അതിൽ നിന്നും കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. എയിംസിന്റെ കാര്യത്തിൽ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന്  ലഭിച്ചില്ല. എയിംസിനായി കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനൽകുകയും എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തിട്ടും കേരളത്തിന്റെ പേരില്ല. പറഞ്ഞതെല്ലാം പാലിച്ചിട്ടും കേരളത്തെ അവഗണിച്ച കേന്ദ്ര അവഗണനക്കെതിരെ ഒന്നായ് എതിർപ്പ് ഉയരണമെന്നും വി എൻ വാസവൻ പറഞ്ഞു.