കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സെറ്റ് ചർച്ചകളിലും സ്ഥാനാർഥി ചർച്ചകളിലും സജീവമായി കോൺഗ്രസ്സ് നേതൃത്വം. കാഞ്ഞിരപ്പള്ളിയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ മത്സരിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

കാഞ്ഞിരപ്പള്ളിയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിൽ മറിയ ഉമ്മൻ തന്നെ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ വിജയ സാധ്യത ഉറപ്പാക്കാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഡോ.മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തിനും നേതാക്കന്മാർക്കും ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സിറ്റിംഗ് സീറ്റ് ഇത്തവണ പിടിച്ചെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്. ഇടത് സ്ഥാനാർത്ഥിയായി ഡോ.എൻ ജയരാജ്, ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും എത്തുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ കടുത്ത പോരാട്ടം നടക്കുമ്പോൾ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയാൽ മാത്രമേ വിജയിക്കാനാകൂ എന്നാണു കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് സ്ഥാനാർഥിത്വ കാര്യങ്ങൾ സംസാരിച്ചതായാണ് ലഭ്യമാകുന്ന വിവരം. 2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ എൻ. ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ. അതേസമയം പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങളുമായി മുട്ടത്ത് പോകാനാണ് ആഗ്രഹമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ കുടുംബവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പിൽ ഇതിനോടകം നിരവധി പേരുടെ പേരുകൾ ഉയർന്നു വരുന്നുണ്ട്.

