കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ 5049 പേർ പുറത്ത്. അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും 5049 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാലാ നിയോജകമണ്ഡലത്തിൽ നിന്നും 775 പേരും കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്നും 490 പേരും വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും 299 പേരെയും ഒഴിവാക്കി. ഏറ്റുമാനൂരിൽ 490 പേരെയും കോട്ടയത്ത് 641 പേരെയും പുതുപ്പള്ളിയിൽ 893 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി. ചങ്ങനാശ്ശേരിയിൽ നിന്നും 726 പേരെയും കാഞ്ഞിരപ്പള്ളിയിൽ നിന്നും 326 പേരെയും പൂഞ്ഞാറിൽ നിന്നും 409 പേരെയുമാണ് ഒഴിവാക്കിയത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ പുതിയതായി അപേക്ഷ നല്‍കിയ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ എണ്ണം.

