
ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ ആര് മത്സരിക്കാൻ വന്നാലും അത്ഭുതപ്പെടാനില്ല എന്നും കേരളാ കോൺഗ്രസ്സ് എം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിട്ടുണ്ട് എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് പറഞ്ഞു.
ജോസ് കെ മാണി പാലായിൽ മത്സരിച്ചാൽ വിജയിക്കില്ല എന്ന കാര്യത്തിൽ പാലാക്കാർക്കുൾപ്പടെ ആർക്കും സംശയമില്ല എന്നും ഷോൺ പറഞ്ഞു. നാടിന്റെ വികസനം ആഗ്രഹിക്കുന്ന ഒരു സമൂഹം പാലയിലുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമോ ഹൈന്ദ ഭൂരിപക്ഷമോ അല്ല മരിച്ചു നരേന്ദ്ര മോദിയെ സ്നേഹിക്കുന്ന വികസന പ്രവർത്തനങ്ങൾ പാലായിലേക്കും എത്തണമെന്ന് ആഗ്രഹമുള്ള ഒരു സമൂഹം പാലായിലുണ്ട്.
ജനങ്ങളിലാണ് വിശ്വാസം. പാലായിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനോ എന്നുള്ളത് പാർട്ടി തീരുമാനിക്കേണ്ട വിഷയമാണെന്നും സ്ഥാനാർഥി ആരെന്നുള്ളതിൽ പാർട്ടി ഔദ്യോഗികമായി അറിയിക്കുമെന്നും ഷോൺ പറഞ്ഞു. എല്ലാ മുന്നണികളോടും സമദൂരം എന്നുള്ളതാണ് ക്രൈസ്തവ സഭ എടുത്തിട്ടുള്ള നിലപാട്. ബിജെപിയെ മാറ്റി നിർത്തേണ്ട രാഷ്ട്രീയ പാർട്ടിയല്ല എന്ന് സഭാ നേതൃത്വം തന്നെ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ നിരവധി തവണ പറഞ്ഞു കഴിഞ്ഞു.
പാലാ രൂപതാംഗമായ ഒരു ബിജെപിക്കാരനാണ് താനെന്നും പാലായുടെ വികസനത്തെ നേതാക്കൾ എങ്ങുമെത്തിക്കാതെ പരസ്പരം പഴി ചാരുന്നതല്ലാതെ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന ഒരു നേതാവുണ്ടായിരുന്നെങ്കിൽ പാലാ വികസനങ്ങളുടെ കൊടുമുടിയിൽ എത്തിയേനെയെന്നും ഷോൺ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷന്റെ ഭാഗമായി മലങ്കര കുടിവെള്ള പദ്ധതി 8 പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കേണ്ടതാണ്.
ഒരു പഞ്ചായത്തിൽ പോലും ഇതുവരെ പൂർത്തീകരിച്ചില്ലെന്നും ഇതിനായുള്ള മുഴുവൻ പണവും കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞതാണെന്നും അവിടവിടെയായി കുറച്ചു പൈപ്പുകൾ മാത്രം കുഴിച്ചിടാനാണ് ഇത്രയും നാളായി കഴിഞ്ഞിട്ടുള്ളതെന്നും ഷോൺ കുറ്റപ്പെടുത്തി. സർക്കാർ ആശുപത്രികളുടെ അവസ്ഥ ശോചനീയമാണെന്നും കൊട്ടാരമറ്റത്തേക്കുള്ള ഫ്ലൈ ഓവർ 9 വർഷത്തിനിപ്പുറവും അസ്ഥികൂടം മാത്രമായി നിൽക്കുകയാണെന്നും രാഷ്ട്രീയ തർക്കങ്ങളിൽ പാലായുടെ നിരവധിയായ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
25 നു മുകളിൽ വികസന പദ്ധതികളാണ് ഇത്തരത്തിൽ പരസ്പരമുള്ള രഷ്ട്രീയ തർക്കത്തിൽ മുടങ്ങിക്കിടക്കുന്നത്. പരസ്പരം തർക്കങ്ങളിൽ ഏർപ്പെട്ടും വികസനത്തിന് തടസ്സം നിൽക്കുന്നതും മൂലം പാലയ്ക്ക് നഷ്ടപ്പെടുന്നത് വികസന മുന്നേറ്റങ്ങളാണ്. ഇത് ചിന്തിക്കാൻ പോലും പരസ്പരം പഴിചാരുന്ന പാലായിലെ നേതാക്കന്മാർ തയ്യാറാകുന്നില്ല എന്നും ഷോൺ ജോർജ് പറഞ്ഞു.
