കോട്ടയം: വേനൽ ചൂടിനാശ്വാസമായി കോട്ടയം ജില്ലയിൽ ഇന്നും മഴയെത്തും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെയും ഉച്ചകഴിഞ്ഞു ശക്തമായ മഴയാണ് ജില്ലയുടെ മുഴുവൻ മേഖലകളിലും ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിൽടെക്ട്ത് കോട്ടയം ഉൾപ്പടെ മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതേസമയം പകൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അൾട്രാവയലറ്റ് സൂചിക അപകടകരമായി ഉയരുകയാണ്. ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ അൾട്രാവയലറ്റ് സൂചിക കഴിഞ്ഞ 24 മണിക്കൂറിനിടെ 8 ആണ് രേഖപ്പെടുത്തിയത്. യു വി തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

