പുതുപ്പള്ളി: പുതുപ്പള്ളിയിലെ വികസന മുരടിപ്പിനെതിരെ ബിജെപി മാർച്ച് നടത്തിയപ്പോൾ അതിനിടയിലേക്ക് ഇറങ്ങിവന്ന് സംഘർഷം ഉണ്ടാക്കി വീണ ജോർജ് മോഡൽ നാടകത്തിനാണ് എംഎൽഎ ചാണ്ടി ഉമ്മൻ തയ്യാറെടുത്തത് എന്ന് ബിജെപി നേതാവ് എൻ ഹരി.

പുതുപ്പള്ളിയിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ യുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടയിലേക്ക് ചാണ്ടി ഉമ്മൻ ഇറങ്ങി വരികയായിരുന്നു. പുതുപ്പള്ളിയിൽ വികസനം എന്നത് വാചകം അടിയും സോപ്പിടീലും മാത്രമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇതാണ് അവസ്ഥ. എംഎൽഎ സ്ഥാനം പാരമ്പര്യമായി കിട്ടിയ ഇപ്പോഴത്തെ ജനപ്രതിനിധിയാകട്ടെ നാട്ടിലെ സംഭവവികാസങ്ങൾ വാട്സാപ്പിലും സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് അറിയുന്നത് എന്നും അതിനു കാരണം കൂടുതൽ സമയവും വിദേശത്താണെന്നും എൻ ഹരി പറഞ്ഞു. പ്രതിഷേധ പ്രകടനം എത്തിയപ്പോൾ ഇറങ്ങി വന്ന എംഎൽഎ ബിജെപി പ്രവർത്തകരോട് സൗഹൃദ സംഭാഷണത്തിലേർപ്പെടുകയായിരുന്നു. എന്നാൽ ഇത് അവസാനം പ്രവർത്തകർക്കിടയിൽ വാക്കുതർക്കവും കൂവി വിളികളുമായതോടെ സംഘർഷമുണ്ടാകുകയായിരുന്നു. മാർച്ചിനിടയിലേക്ക് ഇറങ്ങിവന്നത് സംസാരിക്കാനാണെന്നു എംഎൽഎ പറയുമ്പോഴും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന് പിന്നീട് ഒരു പരാതി ഉണ്ടാക്കി വീണ ജോർജ് മോഡൽ നാടകത്തിനാണ് ചാണ്ടി ഉമ്മൻ തയ്യാറെടുത്തത് എന്നും എൻ ഹരി പറഞ്ഞു. തെരഞ്ഞെടുപ്പ് ആയിപ്പോഴേക്കും മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വാർത്തയിൽ എങ്കിലും ഇടം പിടിക്കേണ്ടതിനാണ് ഇത്തരം പരിപാടികളെന്നും എൻ ഹരി കുറ്റപ്പെടുത്തി.

