നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്; സംയുകത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ കേരളം സ്തംഭിക്കും.


കോട്ടയം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്.

 

 സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെയുള്ള എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കും ഓട്ടോ-ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതോടെ നിരത്തുകൾ നിശ്ചലമാകും. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾ സംരക്ഷിക്കുക, കുറഞ്ഞ വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്നത്. അഖിലേന്ത്യാ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും.  തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകി.

Next
This is the most recent post.
Previous
Older Post