സാഹോദര്യത്തിന്റെ 'ദ റിയൽ കേരള സ്റ്റോറി'യുമായി സഹോദരൻ പദ്ധതി നാലാം വാർഷികം, അടിമാലി മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് മലങ്കരസഭയുടെ തണൽ.


കോട്ടയം: അടിമാലി സ്വദേശിനി സന്ധ്യയ്ക്ക് ഇനി ആശ്വാസത്തോടെ കൃത്രിമക്കാലുമായി പുതുജീവിതത്തിലേക്ക് നടന്നു തുടങ്ങാം. കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യക്ക് നഷ്ടമായത് ഇടതുകാൽ മാത്രമല്ല. സ്വന്തം ഭർത്താവും, വീടും, 20 സെന്റ് സ്ഥലവും മണ്ണിലമർന്നു.

 

 വാടകവീട്ടിൽ കഴിയുന്ന സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ തണലാകും.  മലങ്കരസഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലുടെ ഭാ​ഗമായി നിർമ്മിക്കുന്ന 100 സഹോദരഭവനങ്ങളിൽ ഒന്ന് സന്ധ്യയ്ക്ക് നൽകും. സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതിയുടെ നാലാം വാർഷിക ആഘോഷ വേളയിലാണ് ബാവാ ഇക്കാര്യം അറിയിച്ചത്. നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അദ്ദേഹം ഇക്കാര്യം കാതോലിക്കാ ബാവായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സന്ധ്യയുടെ ചികിത്സപൂർണമായും ഏറ്റെടുത്തിരിക്കുന്നത് കെയർ ആൻഡ് ഷെയറാണ്. സഹോദരൻ പദ്ധതിയിലൂടെ നൂറ് വീടുകളല്ല, ഈശ്വരന്റെ സ്നേഹം നിറയുന്ന നൂറ് ദേവാലയങ്ങളാണ് നിർമ്മിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവാ പറഞ്ഞു. നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. നിരണം പള്ളി ഇടവകാം​ഗമായ പിന്നണി ​ഗായകൻ കെ.ജി മാർക്കോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ.​ഗീവർ​ഗീസ് ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തിരുവല്ല ശ്രീരാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂർ എന്നിവർ പ്രസം​ഗിച്ചു.