കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ മുടങ്ങിപ്പോയ കെട്ടിട നിർമ്മാണം ചൊവ്വാഴ്ച പുനരാരംഭിക്കും: മോൻസ് ജോസഫ് എംഎൽഎ.


കുറവിലങ്ങാട്: വിവിധങ്ങളായ സാങ്കേതിക പ്രശ്നങ്ങൾ മൂലം മുടങ്ങിപ്പോയ കുറവിലങ്ങാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് വേണ്ടിയുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

 

 കുറവിലങ്ങാട് ഗവ: താലൂക്ക് ആശുപത്രിയിൽ അഡ്വ.മോൻസ് ജോസഫ് എംഎൽഎയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിയ സംയുക്ത സന്ദർശനത്തിലും ഇതിനോടനുബന്ധിച്ച് നടത്തിയ ചർച്ചയിലുമാണ് പ്രശ്നങ്ങളെ സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിർമ്മിതി കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഫണ്ടിൻ്റെ അപര്യാപ്തതയെ തുടർന്ന് നിർമ്മാണ ജോലികൾ മുടങ്ങിപ്പോവുകയായിരുന്നു ഇക്കാര്യം പരിഹരിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ആദ്യഘട്ടത്തിൽ ലഭിച്ച ബിൽ പ്രകാരം നിർമ്മിതിക്ക് മാറിക്കൊടുത്തതായി ബ്ലോക്ക് അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കും പക്ഷം 5 ലക്ഷം രൂപയുടെ ബിൽ കൂടി മാറിക്കൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് അധികൃതർ ചൂണ്ടിക്കാട്ടി. അഡ്വാൻസ് ഡെപ്പോസിറ്റായി 25 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിതി കേന്ദ്രത്തിന് നേരത്തെ കൈമാറിയിട്ടുള്ളതാണ്. ഈയൊരു സാഹചര്യത്തിൽ അത്യാഹിത വിഭാഗത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പുനരാരംഭിക്കാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ നിർമ്മിതി കേന്ദ്രം അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എംഎൽഎ സ്കീമിൽ അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ച് വിലയിരുത്തൽ നടത്തി. പുതിയ ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കാൻ ക്രമീകരിച്ചിരുന്ന സ്ഥലം ഓഫീസ് കൗണ്ടറായി പുനക്രമീകരിച്ചു. ഈ ഭാഗത്തെ മേൽക്കൂര കവറിംഗ് കൊടുത്ത് സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ കണക്ഷൻ എടുക്കുന്നതിനുള്ള പണവും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കെ.എസ്.ഇ.ബി ക്ക് അടക്കുകയും ചെയ്തിട്ടുണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഏറ്റവും മുകൾ ഭാഗത്ത് മൂന്നാം നിലയിൽ കോൺഫറൻസ് ഹാൾ സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് ഇതിനാവശ്യമായ അഡീഷണൽ ഫണ്ട് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ക്രമീകരിച്ചു കൊടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്നതിന് അനുസരിച്ച് പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനം എത്രയും പെട്ടന്ന് നടത്തുവാൻ തീരുമാനിച്ചതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം സർകാർ അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. ചുരുങ്ങിയത് ഒരു ഡോക്ടറുടെ സേവനം കൂടി അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്  ജില്ലാ തലത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്താനും തീരുമാനിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു  സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിലും സന്ദർശന പരിപാടിയും അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിൻസി ജയ്സൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുബി തെക്കേൽ, ബ്ലോക്ക് മെമ്പർമാരായ മിനി മത്തായി,രതീഷ് എണ്ണശ്ശേരി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ സിനീഷ് പി ജോയ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സോണിയ ജോമോൻ, എച്ച് എം സി മെമ്പർ സനോജ് മിറ്റത്താണി തുടങ്ങിയവരും പങ്കെടുത്തു.