പ്രാർത്ഥനകൾ വിഫലമായി, മകന്റെ വേർപാട് അറിയാതെ അമ്മയും യാത്രയായി, ഏറ്റുമാനൂരുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകനും മരണത്തിനു


പുതുപ്പള്ളി: കണ്ണീരോടെയുള്ള ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും വിഫലമാക്കി ഏറ്റുമാനൂർ പട്ടിത്താനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകനും മരണത്തിനു കീഴടങ്ങി.

 

 കോട്ടയം പുതുപ്പള്ളി പയ്യപ്പാടി കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ ഭാര്യ ഗീത അജേഷ്(46), മകൻ ഏബൽ ടി. അജേഷ്(19) എന്നിവരാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ തവളക്കുഴിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ പട്ടിത്താനം തവളക്കുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. മകൻ ഏബലിന്റെ ഉപരിപഠന ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവരാണ് ഉണ്ടായിരുന്നത്. അജേഷിനൊഴികെ വാഹനത്തിലുണ്ടായിരുന്നവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലായിരുന്ന ഏബലിനെ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിരുന്നു. ഏബലിന്റെ ശസ്ത്രക്രിയക്കായി പുതുപ്പള്ളി ഗ്രാമം ഒന്നടങ്കം കൈകോർത്ത് ലക്ഷങ്ങൾ സമാഹരിച്ചെങ്കിലും കാത്തു നിൽക്കാതെ ഏബൽ ആദ്യം മരണത്തിനു കീഴടങ്ങുകയായിരുന്നു. മകന്റെ മരണമറിയാതെ മകനെ അവസാനമായി ഒരു നോക്ക് കാണാനാകാതെ മരണത്തോട് മല്ലിടുകയായിരുന്നു അമ്മ ഗീത. അപകടത്തിൽ അമ്മ ഗീതയ്ക്കും സഹോദരി എയ്ഞ്ചലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടുപ്പെല്ല് ഒടിയുകയും മൂത്രാശയത്തിനു ക്ഷതമുണ്ടാകയും ചെയ്തത് മൂലം ഓപ്പറേഷന് വിധേയയായശേഷം വിശ്രമത്തിലായിരുന്ന ഗീതക്ക് പെട്ടെന്നാണ് ആരോഗ്യ സ്ഥിതി വഷളായത്.  മകന്റെ മരണത്തിനു പിന്നാലെ പ്രിയപ്പെട്ട മകന് കൂട്ടായി അമ്മ ഗീതയും യാത്രയാകുകയായിരുന്നു. മകൾ എയ്ഞ്ചൽ കാൽമുട്ട് ചിരട്ട പൊട്ടുകയും രണ്ടു കാലുകളും ഒടിയുകയും ചെയ്തതു മൂലം ശാസ്ത്രക്രിയയ്ക്ക് വിധേയയായി വിശ്രമത്തിലുമാണ്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ രാവിലെ 8:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐ.പി.സി ഏബനേസ്സർ ചർച്ച് പയ്യപ്പാടി സെമിത്തേരിയിൽ സംസ്കാരം നടക്കും.