വൈറ്റില: എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം സ്വദേശിനിയായ യുവതിയെ. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കൊച്ചി സ്വദേശി ഷാജിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി.

ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ഇവർ കഴിഞ്ഞ 3 മാസമായി അമ്മയ്‌ക്കൊപ്പം പൂത്തോട്ടയിലായിരുന്നു താമസിച്ചിരുന്നത്. സുധയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിലിട്ടത് കൊലപാതകം അപകടമരണമാകുമെന്ന പ്രതിയുടെ നിഗമനം മൂലമായിരുന്നു. എന്നാൽ എല്ലാ തെളിവും ഇല്ലാതാക്കിയെന്നു വിശ്വസിച്ച പ്രതി ഷാജിക്ക് തെറ്റി. ഒരു വലിയ തെളിവാണ് ഇവിടെ അവശേഷിച്ചത്. കൊലപാതക ശേഷം പ്രതി മൃതദേഹം കിടത്തിയത് ഉപയോഗശൂന്യമായ ട്രാക്കിൽ ആയിരുന്നു. ഈ ട്രാക്കിലൂടെ ട്രെയിൻ സർവ്വീസ് നടത്താറില്ല. കൊലപാതകം അപകടമരണമായും ട്രെയിൻ ഇടിച്ചു മരിച്ചതായോ ട്രെയിനിൽ നിന്നും വീണു മരിച്ചതായോ വരുമെന്നും ഇയാൾ കരുതി. ഇതോടെ പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം സുധ ബേബി ഒരാൾക്കൊപ്പം കാറിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരണം കൊലപാതകമാണെന്നും സംഭവത്തിൽ പ്രതിയെയും തിരിച്ചറിഞ്ഞത്. രാത്രി കാറിൽ റെയിൽവേ ട്രാക്കിനു സമീപം എത്തി സുധയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സുധയുടെ മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിരുന്നു. ഇതിലൂടെയാണ് മരണപ്പെട്ടത് ആരാണെന്നു പോലീസ് തിരിച്ചറിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ആരും ഇവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഇരുവരും തമ്മിലുണ്ടായ തർക്കമോ അല്ലെങ്കിൽ ആസൂത്രിതമായ നീക്കമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത് പോലീസിൽ അറിയിച്ചത്.

