കോട്ടയം ജില്ലാ ജയിലിൽ ദേഹപരിശോധനയ്ക്കിടെ തടവുകാരന് മർദനമേറ്റതായി പരാതി, അക്രമാസക്തനായപ്പോൾ തടഞ്ഞതെന്നും ആത്മഹത്യ ശ്രമം ഉണ്ടായതായും പോലീസ്.


കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ ദേഹപരിശോധനയ്ക്കിടെ തടവുകാരന് മർദനമേറ്റതായി പരാതി. തൃശ്ശൂർ ജയിലിൽ നിന്നും കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുന്നതിനായി എത്തിച്ച ജോയ് (65) എന്ന പ്രതിക്കാണ് പരിക്കേറ്റത്.

 

 ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കാനായി തൃശ്ശൂരിൽനിന്ന്‌ മൂന്നരയോടെ ജോയിയെ കോട്ടയത്തെത്തിച്ചത്. കോട്ടയം ജില്ലാ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മർദിച്ചെതിന്നു ജോയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ദേഹപരിശോധനയ്ക്കിടെ പ്രതി അക്രമാസക്തനാകുകയാണ് ചെയ്തതെന്നും ഇത് തടയുകമാത്രമാണ് ചെയ്തതെന്ന് ജയിൽ അധികൃതർ പറഞ്ഞു.ഇതിനു പിന്നാലെ പ്രതി തല ഭിത്തിയിൽ ഇടിപ്പിക്കുകയും ജയിലിനുള്ളിലെ ഗ്ലാസ് പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പോലീസ് വാഹനം എത്തിച്ചു ആദ്യം  ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയുടെ തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്.