കറുകച്ചാൽ: ഒരു മാസം മുൻപ് ജനിച്ച ഇളയ മകളെ കാണാനായി ജർമനിയിൽ നിന്നും അവധിക്ക് എത്തിയ കോട്ടയം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശി ഇഞ്ചപ്പാറക്കൽ തോമസ് ജോൺ-അന്നമ്മ തോമസ് ദമ്പതികളുടെ മകൻ ബിബിൻ തോമസ്(34) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒൻപത് മാസങ്ങൾക് മുൻപാണ് ജർമനിയിൽ ബിബിന് ജോലി ലഭിച്ചത്. ഇളയ കുഞ്ഞു ജനിച്ച സന്തോഷത്തിൽ ഒരു മാസത്തെ അവധിയെടുത്ത് ബിബിൻ ഭാര്യ റീനയെയും മൂത്ത മകൻ റേബൽ (6), ഒരു മാസം മുൻപ് ജനിച്ച ഇളയ മകൾ എന്നിവരെ കാണുന്നതിനായി നാട്ടിൽ എത്തിയതായിരുന്നു. ബർലിനിൽ സ്വകാര്യ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ബിബിൻ. അവധി കഴിഞ്ഞു ഞായറാഴ്ച ജർമനിയിലേക്ക് തിരികെ മടങ്ങാനിരിക്കുന്നതിടെയാണ് ബിബിനെ മരണം കവർന്നെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചങ്ങനാശ്ശേരി മാമൂട് ഉള്ള ഭാര്യയുടെ വീട്ടിൽ വച്ചാണ് കുഴഞ്ഞു വീണത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബിബിന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്ക്‌കാരം ചൊവ്വാഴ്ച പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും. സഹോദരൻ ബോബിൻ തോമസ്.

