കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സര രംഗത്തിറങ്ങാൻ സാധ്യത. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.

ജോർജ് കുര്യന്റെ രാജ്യസഭാ സീറ്റ് കാലാവധി ഏപ്രിലിൽ അവസാനിക്കും. വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന നേതൃത്വത്തിന്റെ അഭ്യുഹങ്ങൾക്കിടെയാണ് കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം ജോർജ് കുര്യനെ തേടിയെത്തിയിരിക്കുന്നത്. നിലവിൽ മധ്യപ്രദേശിൽ നിന്നുമുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തൽ. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനും പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും മത്സര രംഗത്തിറങ്ങുന്നതോടെ ബിജെപി യുടെ തീ പാറുന്ന മത്‌സര പോരാട്ടം നടക്കുന്ന ജില്ലയിലൊന്നായി കോട്ടയം മാറും. ജില്ലയിലെ നോയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

